2013, ഫെബ്രുവരി 12, ചൊവ്വാഴ്ച

കാത്തിരിപ്പൂ ഞാന്‍

കാത്തിരിപ്പൂ ഞാന്‍
(ചങ്ങമ്പുഴ)

നീ വരും വഴി പൂവിരിക്കുമെന്‍
ജീവിതത്തിന്‍ വിശുദ്ധികള്‍
രാഗലോല ഞാന്‍ നേടിയ ദിവ്യ-
ഭാഗധേയമരീചികള്‍
സ്വര്‍ണചാമരം വീശിയാദരാല്‍
വന്നെതിരേല്‍ക്കുമങ്ങയെ,
വായ്ക്കുമുല്‍ക്കണ്ഠയാല്‍പ്പെരുമ്പറ-
യാര്‍ക്കുമെന്‍ നെഞ്ചിടിപ്പുകള്‍
പ്രേമപൂര്‍വ്വം കഴുകുമശ്രുവാ-
ലാ മലര്‍ച്ചേവടികള്‍ ഞാന്‍!
രാജനന്ദനാ നിന്‍ സമാഗമ-
പൂജകള്‍ക്കുള്ളതൊക്കെയും,
സജ്ജമാക്കിക്കഴിഞ്ഞു -തേരുരു-
ളൊച്ചയും കാത്തിരിപ്പൂ ഞാന്‍!..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ